2023ലെ കേരള വ്യവസായനയം അംഗീകരിച്ചു
2023ലെ കേരള വ്യവസായനയം അംഗീകരിച്ചു. മാറുന്ന കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം ഒരുക്കും. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത്.
പട്ടയം അനുവദിക്കും
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലില്‍ 1958ല്‍ താല്‍ക്കാലിക പട്ടയം അനുവദിച്ച 28 ഏക്കര്‍ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരില്‍ സ്ഥിര പട്ടയം അനുവദിക്കാന്‍ തീരുമാനിച്ചു.
1995 മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടത്തിലെ ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് പട്ടയം നല്‍കുന്നത്.
ധനസഹായം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടയില്‍ സര്‍ജിക്കല്‍ സിസര്‍ വയറ്റില്‍ മറന്നുവച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എന്ന് ആരോപിച്ച ഹര്‍ഷിന കെ കെയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു.
പുതുക്കിയ ഭരണാനുമതി
ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കി.മീ ദൈര്‍ഘ്യത്തില്‍ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച്ലക്ഷം) രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും.
വിരമിച്ച ജഡ്ജിമാരെ നിയമിക്കും
നിലവിലുള്ള കുടുംബകോടതി ജഡ്ജിമാരുടെ ഒഴിവുകളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കി. എ. ഹാരീസ്(വടകര), കെ ആര്‍. മധുകുമാര്‍(നെയ്യാറ്റിന്‍കര), ഇ. സി ഹരിഗോവിന്ദന്‍(ഒറ്റപ്പാലം), കെ എസ് ശരത് ചന്ദ്രന്‍(കുന്നംകുളം), വി എന്‍ വിജയകുമാര്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് നിയമിക്കുക.
ഗവ. പ്ലീഡര്‍
കോഴിക്കോട് ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക്ക് പ്രേസിക്യൂട്ടര്‍ ആയി കെ എന്‍ ജയകുമാറിനെ നിയമിക്കും.