മുഖ്യമന്ത്രിയെ അറിയുക
പിണറായി വിജയൻ
ജീവിതരേഖ
മുണ്ടയിൽ കോരൻ്റേയും കല്ല്യാണിയുടെയും ഏറ്റവും ഇളയ മകനായി 24 മെയ് 1945ന് പിണറായി വിജയൻ ജനിച്ചു. ശാരദാവിലാസം ലോവര്‍ പ്രൈമറി സ്കൂള്‍, പെരളശ്ശേരി ഹൈസ്കൂള്‍ എന്നിവിടങ്ങളിൽ നിന്ന് വിജയകരമായി സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തോളം അദ്ദേഹം നെയ്ത്തു തൊഴിലിൽ ഏര്‍പ്പെടുകയുണ്ടായി. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ പിണറായി വിജയൻ, 1964ൽ അതേ കോളേജിൽ BA എക്കണോമിക്സിനും ചേര്‍ന്നു
രാഷ്ട്രീയ ജീവിതം
ബ്രണ്ണനിലെ കലാലയ ജീവിതത്തിനിടയിൽ കെ. എസ്. എഫിലൂടെ (കേരള സ്റ്റുഡെന്റ്സ് ഫെഡറേഷൻ) പിണറായി വിജയൻ വിദ്യാര്‍ഥി രാഷ്ട്രീയത്തിൽ സജീവമായി. കെ. എസ്. എഫിന്‍റെയും കെ. എസ്. വൈ. എഫിന്റെയും (കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍) സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിക്കുകയുണ്ടായി. 1964ൽ അദ്ദേഹം സിപിഐ (എം) (കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ) അംഗമായി. 1968ൽ, 24-ആമത്തെ വയസ്സിൽ സിപിഐ (എം) കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലേക്കും 1972ൽ ജില്ലാസെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്ഥാനകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1986ൽ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റു. 1988 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി പ്രവര്‍ത്തിച്ചു വന്ന പിണറായി വിജയൻ 1998ൽ സഖാവ് ചടയൻ ഗോവിന്ദന്റെ മരണശേഷം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റു. 2015ലെ വിശാഖപട്ടണം പാര്‍ടി കോൺഗ്രസ് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2002ലാണ് പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗമാകുന്നത്.
സമരങ്ങള്‍
കെ. എസ്. എഫിൽ പ്രവർത്തിക്കെ പല വിദ്യാര്‍ഥിസമരങ്ങളെയും പിണറായി വിജയൻ മുൻ നിരയിൽ നിന്ന് നയിച്ചിട്ടുണ്ട്. കെ. എസ്. എഫിന്റെ പ്രസിഡൻ്റ് പദവിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം 1967ൽ അദ്ദേഹം സിപിഐ(എം) തലശ്ശേരി മണ്ഡലം സെക്രട്ടറിയായി സ്ഥാനമേറ്റു. മംഗലാപുരം ഗണേഷ് ബീഡി കമ്പനിയുടെ മുതലാളിമാര്‍ നിയോഗിച്ച ഗുണ്ടകള്‍ ദിനേശ് ബീഡി തൊഴിലാളികളെ ആക്രമിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘത്തെ സംരക്ഷിക്കാൻ അദ്ദേഹം മുന്നിൽ നിന്നു. 1971ലെ തലശ്ശേരി കലാപത്തെക്കുറിച്ചുള്ള ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ (220ആം ഖണ്ഡികയിൽ) കലാപകാലത്ത് പ്രദേശത്ത് മതസൗഹാര്‍ദം ഉറപ്പു വരുത്തുന്നതിൽ അന്ന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പിണറായി വിജയൻ വഹിച്ച പങ്ക് പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ദേശീയ അടിയന്തിരാവസ്ഥയുടെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. തടവിൽ നിന്ന് മോചിതനായി നേരെ നിയമസഭയിലേക്ക് വന്ന് രക്തക്കറയുള്ള ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം നിയമസഭയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് ചരിത്രം
1970ൽ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയിലെ തായത്ത് രാഘവനെ പരാജയപ്പെടുത്തി പിണറായി വിജയൻ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതു കാരണം 1977 വരെ അടുത്ത ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയുണ്ടായി. 1977ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് വീണ്ടും ജനവിധി നേടിയ പിണറായി വിജയൻ ആര്‍ എസ് പി (റെവല്യൂഷ്ണറി സോഷ്യലിസ്റ്റ് പാര്‍ടി) യിലെ അബ്ദുള്‍ഖാദറിനെ 4001 വോട്ടിന് പരാജയപ്പെടുത്തി. 1991ൽ കൂത്തുപറമ്പിൽ നിന്നു തന്നെ കോൺഗ്രസ്സിലെ പി. രാമകൃഷ്ണനെ 13060 വോട്ടിന് പരാജയപ്പെടുത്തി മൂന്നാം തവണയും നിയമസഭയിലെത്തി. 1996ലെ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പിണറായി വിജയൻ കോൺഗ്രസിലെ കെ.എൻ. കണ്ണോത്തിനെ 28078 വോട്ടിന് പരാജയപ്പെടുത്തി. 1996ലെ നായനാര്‍ മന്ത്രിസഭയിൽ വൈദ്യുത-സഹകരണ വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഒടുവിൽ 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധര്‍മടം മണ്ഡലത്തിൽ കോൺഗ്രസിന്റെ മമ്പറം ദിവാകരനെ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിൽ എത്തിയ പിണറായി വിജയൻ കേരളത്തിന്‍റെ 12-ആമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
മന്ത്രി ആയും സഹകാരി നേതാവായും
1996ലെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് പിണറായി വിജയൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് വൈദ്യുതോല്പാദന-വിതരണരംഗങ്ങളിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചത്. ഭരണപരമായ നൈപുണ്യവും, അടിസ്ഥാന രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നു നേടിയ പരിചയസമ്പത്തും, സഹകരണമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തെ സഹായിച്ചു. RUBCOയുടെ രൂപീകരണത്തിനു പിന്നിലുള്ള പ്രധാന ചാലകശക്തി പിണറായി വിജയൻ ആയിരുന്നു. 1983-1992 കാലഘട്ടത്തിൽ കണ്ണൂർ ജില്ലാസഹകരണബാങ്കിന്റെയും പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വലിയ പ്രശംസ പിടിച്ചു പറ്റി. പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നിശ്ചയദാർഢ്യത്തോടെ പിണറായി വിജയൻ കേരളത്തെ നയിച്ചു. അതോടൊപ്പം, കേരളത്തിൻ്റെ വികസനവും സാമൂഹ്യക്ഷേമവും ഉറപ്പു വരുത്താനും കഴിഞ്ഞതിലൂടെ പൊതുസമൂഹത്തിൻ്റെ ശക്തമായ പിന്തുണ ആർജ്ജിക്കാനും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കാനും സാധിച്ചു.