പുനര്‍ഗേഹം : 4 ലക്ഷം രൂപ വീതം നല്‍കും
പുനര്‍ഗേഹം പദ്ധതിയുടെ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കള്‍ക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിര്‍മ്മാണ ആനുകൂല്യം നല്‍കും. പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതില്‍ നല്‍കിയിട്ടുള്ള 2450 കോടി രൂപയില്‍ നിന്ന് 4 ലക്ഷം രൂപ വീതമാണ് നല്‍കുക. വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ പുറത്ത് സുരക്ഷിത മേഖലയില്‍ സ്വന്തമായി സ്ഥലമുളള, നിലവില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന, സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട 355 ഗുണഭോക്താക്കളെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തുന്നത്.

വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി
ജില്ലാ ജുഡീഷറിയിലെ ജുഡീഷല്‍ ഓഫീസര്‍മാരുടെ ഉപയോഗത്തിന് 12 കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കി. പുനലൂര്‍, തളിപ്പറമ്പ്, കാസര്‍കോട്, തൃശ്ശൂര്‍ എംഎസിടി ജഡ്ജ്മാര്‍ക്കും കാര്‍സര്‍കോട്, മഞ്ചേരി, കല്‍പ്പറ്റ, കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ്മാര്‍ക്കും ആലപ്പുഴ, തൊടുപുഴ, തിരൂര്‍, ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജ്മാര്‍ക്കും ഉപയോഗത്തിനാണ് വാഹനങ്ങള്‍.

പരിവര്‍ത്തനാനുമതി
തൃശ്ശൂര്‍ അയ്യന്തോള്‍ വില്ലേജില്‍ പുഴക്കല്‍ പാടത്ത് കിന്‍ഫ്രയ്ക്ക് അനുവദിച്ച 30 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി പരിവര്‍ത്തനാനുമതി നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ പൊതു ആവശ്യമെന്ന മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയാണിത്.

തരംമാറ്റുന്ന ഭൂമിയുടെ 10 ശതമാനം ജല സംരക്ഷണത്തിനായി മാറ്റിവെയ്ക്കണം. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം നടപ്പാക്കേണ്ടത്. സമീപത്തുള്ള കൃഷിയെയും ആവാസ വ്യവസ്ഥയെയും ബാധിക്കരുത്. സമീപ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാത്തതരത്തില്‍ തരംമാറ്റം നടത്തണം. ആവശ്യമായ പരിസ്ഥിതി ശാസ്ത്ര സങ്കേതിക വിദഗ്ധരുടെ സേവനം ജില്ലാ കളക്ടര്‍ക്ക് കിന്‍ഫ്ര ലഭ്യമാക്കണം.

മാനദണ്ഡത്തില്‍ ഇളവ്
അടൂര്‍ നിയോജക മണ്ഡലത്തിലെ പന്തളം വില്ലേജിനെയും ആറന്മുള്ള മണ്ഡലത്തിലെ കുളനട വില്ലേജിനെയും ബന്ധപ്പിച്ച് അച്ചന്‍കോവില്‍ ആറിന് കുറുകെ വയലപ്പുറം പാലം നിര്‍മ്മിക്കുന്നതിന് ക്ഷണിച്ച ടെണ്ടറില്‍ സര്‍ക്കാര്‍ മാനദണ്ഡത്തില്‍ ഇളവ് വരുത്തി അംഗീകാരം നല്‍കും.

സാധൂകരിച്ചു
പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍സ് ലിമിറ്റഡിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 2022-23 വര്‍ഷത്തില്‍ 20 ശതമാനം ബോണസ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.

കേരള എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

നിയമനം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പില്‍ സ്പെഷ്യല്‍ കമ്മീഷണറുടെ എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ച് എബ്രഹാം റെന്‍ എസിനെ നിയമിക്കും.

ആശ്രിതനിയമനം
എറണാകുളം എം.എ.സി.ടിയിൽ സൂപ്പർ ന്യൂമററി തസ്തികയിൽ അറ്റൻഡറായി സേവനമനുഷ്ഠിച്ച് വരവെ ട്രയിൻ തട്ടി മരണപ്പെട്ട ഭിന്നശേഷിക്കാരനായ പി.ജെ ബാബുവിന്‍റെ മകന്‍ ആമീൻ പി.ബി ക്ക് ആശ്രിതനിയമനം നൽകാന്‍ തീരുമാനിച്ചു. മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി കണക്കാക്കി, ജില്ലാ ജുഡീഷ്യറി വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലായിരിക്കും നിയമനം.

പാട്ടത്തിന് നല്‍കും
ഇടുക്കി ഉടുമ്പന്‍ചോല വില്ലേജില്‍ 17.6 ആര്‍ റവന്യു പുറമ്പോക്ക് ഭൂമി 33 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പാട്ടത്തിന് നല്‍കും. കെ എസ് ഇ ബിക്ക് പ്രതിവര്‍ഷം 18,585.6 രൂപ പാട്ട നിരക്കിലാണ് നിബന്ധനകള്‍ക്ക് വിധേയമായി പാട്ടത്തിന് അനുവദിക്കുക.

പാട്ട നിരക്ക് കുറയ്ക്കും
കോട്ടയം ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് കമ്പോള വിലയുടെ അഞ്ച് ശതമാനം നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയുടെ പാട്ട നിരക്ക് കമ്പോള വിലയുടെ രണ്ട് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു.